അമ്മിഞ്ഞ അമൃതാണ്. ഭൂമീ ദേവിയെ ആദ്യമായി കാണുന്ന ആ വായു ആദ്യമായി നിശ്വസിക്കുന്ന കുരുന്നുകള്‍ക്ക് അത് ജീവവായു പോലെ പ്രധാനമാണ്. മനുഷ്യരാശി രുചിച്ചറിഞ്ഞവയില്‍ വെച്ചേറ്റവും അമൂല്യമാണത്. കരയുന്ന കുഞ്ഞിനെ അടക്കി നിര്‍ത്താന്‍ ഓരോ മാതാവും ഉപയോഗിച്ച ആയുധമാണത്. ഒരു കവിക്കും ഇന്ന് വരെ അതിനെ വാഴ്ത്തിപ്പറഞ്ഞ് മതി വന്നിട്ടില്ല. ഒരു രാജാവും ഇന്ന് വരെ അതിന്റെ മഹത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ല.ചെറുപ്രായത്തില്‍ സ്വാര്‍ത്ഥതയോടെ അതൂമ്പിക്കുടിക്കുമ്പോള്‍ മാതാവ് സഹിച്ചിരുന്ന ത്യാഗത്തിന്റെ വലിപ്പം നാം മനസ്സിലാക്കിയിരുന്നില്ല. അവര്‍ ആനന്ദിച്ചിരുന്ന ആന്ദത്തിന്റെ ചിത്രം നമ്മുടെ മനോമുകുരങ്ങളില്‍ തെളിഞ്ഞിരുന്നില്ല.
മനുഷ്യന്റെ സകല ചോതനകളെ കുറിച്ചും അതിസൂക്ഷമമായി അറിയുന്ന സൂക്ഷമ ശാലിയായ തമ്പുരാന്‍ അതിന് വലിയ വില കല്പിച്ചു. ഓരോ കുഞ്ഞിന്റെയും അവകാശമാണതെന്ന് സത്യ മതം ഉദ്‌ഘോഷിച്ചു. എന്നാല്‍, ചിലര്‍ അത് ലംഘിക്കാന്‍ ശ്രമിച്ചു. ഒരു പിഞ്ചു പൈതലിന്റെ ദാഹാര്‍ത്ഥമായ ചുണ്ടുകളിലേക്ക് അമ്മിഞ്ഞയുടെ ഇളം തണുപ്പുള്ള തുള്ളികള്‍ വീഴാന്‍ ഒരു ദിവസം മുഴുവന്‍ കാത്തിരിക്കണമെന്ന് വാശി പിടിച്ചു.
ഇരുപത്തിനാല് മണിക്കൂര്‍ ആ പിഞ്ചു പൈതല്‍ തന്റെ മാതാവിന്റെ മാറിടത്തിലേക്ക് കൊതിയോടെ നോക്കിയിരുന്നിണ്ടുണ്ടാവണം. സ്‌നേഹ വാത്സല്യങ്ങളുടെ കഠാക്ഷമായി അതില്‍ നിന്നും പേമാരി പെയ്തിറങ്ങുന്നത് ആ പൈതല്‍ സ്വപ്‌നം കണ്ടിട്ടുണ്ടാവണം. ഇരുപത്തിനാല് മണിക്കൂര്‍ ആ പൈതല്‍ കാത്തിരുന്നു സ്‌നേഹോഷ്മളതയുടെ പര്യായമായി കവികള്‍ പാടിപ്പുകഴ്ത്തിയ മാതാവിന്റെ പാല്‍ക്കുടങ്ങള്‍ ഒളിപ്പിച്ച് വെച്ച മായാലോകത്തേക്ക് പിച്ച വെക്കാന്‍.
ഇവിടെ ഒരു സമുദായം മുഴുവന്‍ അപഹാസ്യരാവുകയായിരുന്നു. പിതാവിന്റെ ദുശ്ശാഠ്യം കാരണം മാനവികതയുടെയും പ്രായോഗികതയുടെയും ശാന്തി മന്ത്രങ്ങള്‍ ലോകത്തിന് പഠിപ്പിച്ച ഒരു മതം തെറ്റായി വായിക്കപ്പെടുകയായിരുന്നു. ഇതിനിയൊരിക്കലും ഇതുണ്ടായിക്കൂടാ. ഏതോ ഒരാളുടെ ചെയ്തികള്‍ ഒരു സമൂഹത്തിന്റെ അക്കൗണ്ടിലേക്ക് വരവ് വെക്കുമ്പോള്‍ അത് മാനവ രാശിയോടുള്ള ക്രൂരകൃത്യമായി പരിണമിക്കുന്നു. മതം പഠിപ്പിക്കാത്തത് പോലും മതത്തിന്റെ ലേബലിലാവുമ്പോള്‍ അതിന് മാര്‍ക്കറ്റ് കൂടുന്നു. അഭിനവ ജിഹാദികള്‍ ഇസ്‌ലാമിനെ ഉപയോഗിക്കുന്നതും ഇതും എല്ലാം ഒരുപോലെ തന്നെ. സ്വാര്‍ത്ഥ താല്‍പര്യ സംരക്ഷണാര്‍ത്ഥം സമൂഹത്തെ ചിലര്‍ മാലോകരെ വിഢികളാക്കുന്നു. അത് കണ്ട് മറ്റ് ചിലര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നോക്കി പള്ളിളിക്കുന്നു, കൊഞ്ഞനം കുത്തുന്നു. ഇതൊക്കെ കണ്ടും കേട്ടും സഹിച്ചും പരിതപിച്ചും ഭൂമീ ദേവി ഇന്നും ജീവിക്കുന്നു!!!!!

0 comments:
Post a Comment