• കുത്തിവര

    www.kuthi-vara.blogspot.in കുത്തിവര, ഒരു വിദ്യാര്‍ത്ഥിയുടെ വിചാരപ്പെടലുകള്‍.................
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിചാരണകള്‍..............
  • കുത്തിവര

    ഒരു വിദ്യാര്‍ത്ഥിയുടെ ചിന്തകള്‍.................

Tuesday, 29 August 2017

വയനാട് ചുരം കയറിയ ഞങ്ങള്‍ കണ്ടത്.....









1967. പ്ലേഗും കലാപവും അരക്ഷിതമാക്കിയ വയനാടന്‍ മുസ്‌ലിംകളുടെ ജീവിതത്തിന് പുതുനാമ്പുകള്‍ കിളിര്‍ത്ത വര്‍ഷമായിരുന്നു അത്. നിരാലംബരും അശരണരുമായിരുന്നവര്‍ക്ക് സുദൃഢവും വിശ്വാസ യോഗ്യവുമായ കൈതാങ്ങായി WMO (Wayanad Muslim Orphanage) എന്ന സ്ഥാപനം ഉയര്‍ന്ന് വന്ന വര്‍ഷം. അനാഥത്തിന്റെ കൈപുനീരില്‍ പൊലിഞ്ഞു പോവുമായിരുന്ന ആയിരക്കണക്കിന് പൈതങ്ങള്‍ ഭാവിയെ കുറിച്ചുള്ള വര്‍ണാഭമായ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയത് പ്രവിശാലമായ ഈ മുറ്റത്തു നിന്നായിരുന്നു. സ്‌നേഹം കൊണ്ട് മനുഷ്യ മനസ്സും അതു വഴി ലോകവും കീഴടക്കാമെന്ന് ഈ സ്ഥാപനം കഴിഞ്ഞ അന്‍പത് വര്‍ഷമായി മാനവ മനഃസ്സാക്ഷിയെ നിരന്തരം ഓര്‍മിപ്പിക്കുന്ന പോലെ. സ്‌നേഹത്തിന്റെയും പരിലാളനയുടെയും പരിമളം തങ്ങി നില്‍ക്കുന്ന ആ കലാലയ മുറ്റത്തേക്കാണ് കഴിഞ്ഞ ആഴ്ച ഞങ്ങള്‍ മുപ്പത് പേര്‍ യാത്ര തിരിച്ചത്.

                                                                              *****

സ്‌നേഹം മാത്രം നല്‍കാനറിയുന്ന ആ ഉമ്മയുടെ മടിത്തട്ടില്‍ കാലെടുത്തു വെച്ചത് മുതല്‍ ഞങ്ങളെയും ആ സ്‌നേഹ പരിചരണത്തിന്റെ ആവരണം കഠാക്ഷിച്ചു. ആ മാതാവിന്റെ നിഷ്‌കളങ്ക മക്കളും കാര്യകര്‍ത്താക്കളും ഞങ്ങളെ കൂടപ്പിറപ്പുകളെ പോലെ സ്‌നേഹിച്ചു. രാത്രി ഏറെ വൈകിയെങ്കിലും 'നിങ്ങള്‍ കിടന്നാലേ ഞങ്ങളുടെ കണ്‍പോളകള്‍ അടയൂ' എന്ന പോലെ കൂടെ വന്നു. പിറ്റേ ദിവസം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ദീര്‍ഘ കാലത്തെ ഉറ്റസുഹൃത്തിനെ പിരിംയുന്ന പോലെ ഞങ്ങളുടെ ഹൃദയം പിടഞ്ഞു. ഏതാനും ചില മണിക്കൂറുകള്‍ കൊണ്ട് ആ സ്‌നേഹ സൗധം ഞങ്ങളില്‍ ഉണ്ടാക്കിയെടുത്ത ആത്മബന്ധത്തിന്റെ ആഴത്തിന് മുന്നില്‍ വാക്കുകള്‍ തോല്‍വി സമ്മതിക്കുന്നു. 

                                                                              ******




കേട്ടതായിരുന്നില്ല അനുഭവിച്ച WMO. വ്യക്തമായ ലക്ഷ്യ ബോധവും കര്‍മ പദ്ധതിയുമുള്ള സമൂഹ നന്മ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു മഹല്‍ സ്ഥാപനം. ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് WMO. സ്ഥാപിതമായി അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ സംരംഭം വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. സമൂഹത്തിന്റെ നാനാതുറകളിലേക്ക് അതിന്റെ സഹായ ഹസ്തങ്ങള്‍ നീണ്ടിരിക്കുന്നു. സാമ്പ്രദായിക യതീം ഖാനകളില്‍ നിന്നും മാറി സ്വന്തമായി aided സ്‌കൂളുകളും കോളേജുകളും മദ്രസയും മറ്റ് സാമൂഹിക സാമ്പത്തിക സംരംഭങ്ങളും ഇന്ന് സ്ഥാപനം നടത്തി വരുന്നു.
ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പുന്ന കിച്ചണിലേക്ക് ആവശ്യമായ പാലും ബ്രെഡും പൂര്‍ണമായും തങ്ങളുടെ തന്നെ സ്ഥാപനത്തിന്റെ ഉല്‍പന്നങ്ങളാണെന്ന് മനസ്സിലാക്കുമ്പോള്‍ സ്ഥാപനം വെച്ചു പുലര്‍ത്തുന്ന വ്യത്യസ്തവും ക്രിയാത്മകവുമായ കാഴ്ചപ്പാടുകള്‍ ഒരു പരിധി വരെ മനസ്സിലാക്കാനാവും. അനാഥ-അഗതി മന്ദിരം കേവലം ബാല്യങ്ങളിലൊതുങ്ങരുതെന്ന നിര്‍ബന്ധം കൊണ്ടാണ് വിധവകള്‍ക്കായുള്ള ആമില, രോഗികള്‍ക്ക് വേണ്ടിയുള്ള ബാഫഖി തങ്ങള്‍ ഹോം, പൂക്കോയ തങ്ങള്‍ ഹോം, വിഭിന്ന ശേഷിക്കാക്കുള്ള പ്രത്യേക സ്‌കൂളുകള്‍, നിരാലംബരായ യുവതീ യുവാക്കളെ സന്തോഷകരമായ വൈവാഹിക ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സമൂഹ വിവാഹങ്ങള്‍ അങ്ങനെ നീളുന്നു സേവനങ്ങളുടെ നിര.




                                                                              *****

'ഹാദിയ' നല്‍കുന്ന ജേണലിസം കോഴ്‌സിന്റെ വിജയകരവും സന്തോഷകരവുമായ ഒരു ദിവസം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഞങ്ങളില്‍ പലരും ഹൃദയം കൊണ്ട് തേങ്ങിയെന്ന് തോന്നുന്നു. ഇനിയും പലതവണ ഇവിടം വന്ന് ഈ മഹാത്ഭുതം നേരില്‍ കാണാനും ഈ അപാരമായ സ്‌നേഹം ഏറ്റ് വാങ്ങാനും ഭാഗ്യമുണ്ടാവണേ എന്ന് പലരും അറിയാതെ ഉടയവനോട് തേടി. നാഥാ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നീ ശക്തി പകരണേ... അവയെ ഉത്തരോത്തരം ഉയര്‍ത്തണേ എന്നല്ലതെ മറ്റൊന്നും പകരം നല്‍കാനില്ലാതെ ഞങ്ങള്‍ തിരികെ നടന്നു.... 

Share:
Copyright © കുത്തിവര | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com